Tuesday, September 23, 2014

ഇലകള്‍പ്പച്ച, പൂക്കള്‍മഞ്ഞ..


‘ഇലകള്‍പ്പച്ച, പൂക്കള്‍മഞ്ഞ’ ചൊല്ലി ഓടിക്കളിച്ചു തളരുന്ന വൈകുന്നേരങ്ങളില്‍ കിതപ്പകറ്റാന്‍ നമ്മള്‍ വന്നിരുന്നിരുന്ന ഒരു കൽപ്പടവുണ്ടായിരുന്നില്ലേ ഈ കുളക്കരയില്‍. ജന്മാന്തരങ്ങള്‍ നിന്നെ കേട്ടിരിക്കാന്‍  കാത്തുവെച്ചതായിരുന്നു ഞാനവയെ..

ചപ്പുചവറുകള്‍ വീണ്, അങ്ങിങ്ങ് മുളച്ച പുല്ലുകള്‍ക്കിടയില്‍ ഇഴയുന്ന തേരട്ടകളെ മനപൂര്‍വ്വം അവഗണിച്ച് ആ
ചെങ്കൽപ്പടവുകളില്‍ അന്ന് കൈകോര്‍ത്തിരുന്ന് കാണാറുള്ള സ്വപ്നങ്ങളാവുമോ തഴച്ച് വളര്‍ന്നിങ്ങനെ കാടുപിടിച്ച് നില്‍ക്കുന്നത്?

തിരിച്ചുകയറാന്‍ വഴിയറിയാതെ പകച്ചുപോയ എത്ര വാക്കുകളെയാണ്, വാഗ്ദാനങ്ങളെയാണ് ഒടുവില്‍ നമ്മളീ
കുളത്തിലെറിഞ്ഞു കളഞ്ഞത്.. 

കളഞ്ഞുപോയ നിമിഷങ്ങളെ തിരഞ്ഞ്  ഈ സായംസന്ധ്യയില്‍ ഇവിടെ തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മകളും പലതായി പിരിയുന്നു. പക്ഷേ എല്ലാ വഴികളും നീയുപേക്ഷിച്ച കാൽപ്പാടുകളെ മാത്രം പിന്തുടരുന്നു..

നിനക്കോര്‍മ്മയുണ്ടോ മുത്തശ്ശിപറഞ്ഞു തരാറുള്ള ആ കഥ; ഏഴാം കടലിനടിയില്‍ പവിഴക്കൊട്ടാരത്തില്‍, കൊട്ടാരത്തിലേക്കുള്ള വഴിമറന്നുപോയ തന്‍റെ രാജകുമാരിയെ കാത്തിരിക്കുന്ന ആ  രാജകുമാരന്‍റെ കഥ?  സൂര്യനസ്തമിക്കാത്ത ഒരു രാത്രിയില്‍, തിരകള്‍ നിശ്ചലമായ കടലിനെ വകഞ്ഞുമാറ്റി മാലാഖമാര്‍ രാജകുമാരിയെ രാജകുമാരനരികിലെത്തിച്ചത്.. 

കാതുകളോട് മുഖം ചേര്‍ത്ത് ഈ ഇളംകാറ്റെന്തേ നിന്നെപോലെ ശ്വസിക്കുന്നു?,ഈ പച്ചിലക്കാടിനും നിന്‍റെ മണം?!

ഏഴാഴങ്ങളേയും കടന്ന് എനിക്ക് കാണാനാവുന്നുണ്ട് ഈ കുളത്തിനടിത്തട്ടിലൊരു പവിഴക്കൊട്ടാരം...!!




7 comments:

  1. മനോഹരമായ, ജീവനുള്ള ഭാവനകൾ.. എന്തെങ്കിലും മാസിക/പ്രസിദ്ധീകരണങ്ങളിൽ കൊടുക്കടി.. എഴുതാൻ കഴിവുള്ളവർ സ്വയം തോടുന്നുള്ളിൽ ഒളിക്കുന്നത് പോലെ എന്തിനാ പിൻ വലിയുന്നത്?

    ReplyDelete
  2. ഓർക്കളിൽ പച്ചപ്പിന്റെ ഒരു നനവ്‌. മനോഹരമായ കുറിപ്പ്

    ReplyDelete
  3. ചിക്കൻ ബിരിയാണിയുടെ അടുത്ത് ഉണക്കമീൻ വറുത്തത് വെച്ച പോലെയുണ്ട് നല്ല പോസ്റ്റിന്റെ അടുത്ത് ഈ പൊട്ട കുളം . ഇതുനോക്കിയാണോ ഇത്രേം മനോഹരമായ ഭാവനകൾ എഴാഴങ്ങളേയും കടന്ന് പവിഴകൊട്ടാരത്തിൽ എത്തിയത്..?

    നല്ല കാല്പനിക(അങ്ങിനെ തന്നെയല്ലേ ? :) ) ബിംബങ്ങള ചേർത്ത് കുഞ്ഞു പോസ്റ്റ്‌ . നന്നായി .

    ReplyDelete
  4. കുളത്തിന്‍റെ ആഴവും,പരപ്പും,പഴക്കവും അളക്കണമെന്നു വിചാരിച്ചതാണ്‌..................
    ഉള്ളത്‌ നന്നായി
    ആശംസകള്‍

    ReplyDelete
  5. ഏഴാഴങ്ങളേയും കടന്ന് കാണാനാവുന്നുണ്ട് - ആ പവിഴക്കൊട്ടാരം...

    ReplyDelete
  6. നോകിയാല്‍ കാണാമൊരു പവിഴക്കൊട്ടാരം

    ReplyDelete