Tuesday, September 23, 2014

ഇലകള്‍പ്പച്ച, പൂക്കള്‍മഞ്ഞ..


‘ഇലകള്‍പ്പച്ച, പൂക്കള്‍മഞ്ഞ’ ചൊല്ലി ഓടിക്കളിച്ചു തളരുന്ന വൈകുന്നേരങ്ങളില്‍ കിതപ്പകറ്റാന്‍ നമ്മള്‍ വന്നിരുന്നിരുന്ന ഒരു കൽപ്പടവുണ്ടായിരുന്നില്ലേ ഈ കുളക്കരയില്‍. ജന്മാന്തരങ്ങള്‍ നിന്നെ കേട്ടിരിക്കാന്‍  കാത്തുവെച്ചതായിരുന്നു ഞാനവയെ..

ചപ്പുചവറുകള്‍ വീണ്, അങ്ങിങ്ങ് മുളച്ച പുല്ലുകള്‍ക്കിടയില്‍ ഇഴയുന്ന തേരട്ടകളെ മനപൂര്‍വ്വം അവഗണിച്ച് ആ
ചെങ്കൽപ്പടവുകളില്‍ അന്ന് കൈകോര്‍ത്തിരുന്ന് കാണാറുള്ള സ്വപ്നങ്ങളാവുമോ തഴച്ച് വളര്‍ന്നിങ്ങനെ കാടുപിടിച്ച് നില്‍ക്കുന്നത്?

തിരിച്ചുകയറാന്‍ വഴിയറിയാതെ പകച്ചുപോയ എത്ര വാക്കുകളെയാണ്, വാഗ്ദാനങ്ങളെയാണ് ഒടുവില്‍ നമ്മളീ
കുളത്തിലെറിഞ്ഞു കളഞ്ഞത്.. 

കളഞ്ഞുപോയ നിമിഷങ്ങളെ തിരഞ്ഞ്  ഈ സായംസന്ധ്യയില്‍ ഇവിടെ തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മകളും പലതായി പിരിയുന്നു. പക്ഷേ എല്ലാ വഴികളും നീയുപേക്ഷിച്ച കാൽപ്പാടുകളെ മാത്രം പിന്തുടരുന്നു..

നിനക്കോര്‍മ്മയുണ്ടോ മുത്തശ്ശിപറഞ്ഞു തരാറുള്ള ആ കഥ; ഏഴാം കടലിനടിയില്‍ പവിഴക്കൊട്ടാരത്തില്‍, കൊട്ടാരത്തിലേക്കുള്ള വഴിമറന്നുപോയ തന്‍റെ രാജകുമാരിയെ കാത്തിരിക്കുന്ന ആ  രാജകുമാരന്‍റെ കഥ?  സൂര്യനസ്തമിക്കാത്ത ഒരു രാത്രിയില്‍, തിരകള്‍ നിശ്ചലമായ കടലിനെ വകഞ്ഞുമാറ്റി മാലാഖമാര്‍ രാജകുമാരിയെ രാജകുമാരനരികിലെത്തിച്ചത്.. 

കാതുകളോട് മുഖം ചേര്‍ത്ത് ഈ ഇളംകാറ്റെന്തേ നിന്നെപോലെ ശ്വസിക്കുന്നു?,ഈ പച്ചിലക്കാടിനും നിന്‍റെ മണം?!

ഏഴാഴങ്ങളേയും കടന്ന് എനിക്ക് കാണാനാവുന്നുണ്ട് ഈ കുളത്തിനടിത്തട്ടിലൊരു പവിഴക്കൊട്ടാരം...!!




Friday, September 27, 2013


നീയോര്‍മ്മിക്കുന്നുവോ,
മറന്നുവെച്ച  ബാല്യം തേടി
കൈവിരലുകള്‍ കോര്‍ത്ത് പിടിച്ച്
നാം വകഞ്ഞുമാറ്റിയ ഈ
കാട്ടകങ്ങളെ?

ഓര്‍മ്മകളുടെ ഈ
വള്ളിപടര്‍പ്പിലൂടെ
എന്നെ തനിച്ചാക്കിയൊടുവില്‍
നീയും പിടിച്ചുകയറിയില്ലേ 
കണ്ണാരം പൊത്തിക്കളിക്കാന്‍
ആ നക്ഷത്ര കൂട്ടിലേക്ക്..


കാടുപിടിച്ചുകിടക്കുന്നുണ്ട്
ഇന്നും,
ഓര്‍മ്മകളെ  മൂടിയുറക്കി
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
നമ്മുടെ...

അല്ല, നഷ്ടങ്ങള്‍ എന്റേത് മാത്രം!





Wednesday, August 28, 2013

കിന്നാരം

കിന്നാരം കാതോര്‍ത്ത്, 
പായേരം ചൊല്ലിപ്പറഞ്ഞ്, 
പെയ്തൊഴിയാന്‍ വീണ്ടും 
ആ പെയ്ത്ത്ക്കാലം..

കുളിര്ക്കോരിയെറിഞ്ഞ്
കോരിത്തരിപ്പിക്കുമിവള്‍
സൂക്ഷിച്ച് വെച്ചിട്ടുണ്ട്,
വിടപറയും നേരം
സമ്മാനിക്കാന്‍
ചുട്ടുപൊള്ളുന്നൊരു വേനലിനെ..

വാടിതളര്‍ത്തുമാ വേനല്‍ ജ്വരത്തിലും
കരുതി വെച്ചിരിക്കുമെന്നാലും
പെയ്തൊഴിക്കാനായിവള്‍ കുറേ
സ്നേഹക്കുളിരുള്ള മഴയോര്‍മ്മകള്‍...





Wednesday, June 12, 2013

എന്‍റെ മഴേ..

എന്‍റെ മഴേ, എന്തിനിങ്ങിനെ
ആണ്ടിലൊരിക്കലോടിയെത്തി 
പെയ്ത് പെയ്ത് കുറുമ്പുകാട്ടി 
ഓടിയൊളിക്കുന്നത് നീ...?



Wednesday, June 5, 2013

വസന്തം കാത്തൊരു ഒറ്റമരം..

ഓര്‍മ്മകള്‍ പൊഴിഞ്ഞൊരു
ഒറ്റമരം,
വീണ്ടെടുക്കാനൊരു 
വസന്തം കാത്ത്...




Monday, June 3, 2013

ഉണര്‍ന്നുയരാനൊരു ഉറക്കാഴം തേടി..



ഉണര്‍ന്നുയരാന്‍ ഉറങ്ങേണം 


ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന്..!

Friday, April 12, 2013

തോണിക്കാരനും അവന്‍റെ പാട്ടും..



തോണിക്കാരനുമവന്‍റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍
വിളക്കണഞ്ഞു..
നിറയുമോര്‍മ്മകളെന്‍റെ നെഞ്ചില്‍
പിടയുമോളങ്ങള്‍ നിന്‍റെ നെഞ്ചില്‍
നിനകുമെനിക്കുമുറക്കമില്ലല്ലോ കായലേ....!